കൊച്ചി: അര്‍ജന്റീന, ബ്രസീല്‍, സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശതാരങ്ങളെയടക്കം അണിനിരത്തി പുത്തന്‍ മാറ്റങ്ങളോടെ സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് 25ന് കണ്ണൂരില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് ഹോം ഗ്രൗണ്ടായ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തൃശൂര്‍ മാജിക് എഫ്സിയെ നേരിടും. രാത്രി 7.30നാണ് കിക്കോഫ്.
34 വിദേശ താരങ്ങളടക്കം 162 കളിക്കാരാണ് ഇത്തവണ ആറ് ക്ലബ്ബുകളിലായി ബൂട്ട് ആണിയുന്നത്. എസ്എല്‍കെയുടെ പ്രോജക്ട് ഗെയിം ചേഞ്ചര്‍ പദ്ധതിയിലൂടെ കണ്ടെത്തിയ പുതിയ ഒമ്പതു താരങ്ങളും മൂന്നാം സീസണിന്റെ ഭാഗമാകും. ഡിസംബര്‍ 12നാണു ഫൈനല്‍. മത്സരങ്ങള്‍ സീ5 ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും യുനൈറ്റ് 8 സ്പോര്‍ട്സിലും എത്തിസലാത്തിലും തത്സമയം കാണാം.
കാസര്‍ഗോഡ്, പാലക്കാട് ടീമുകള്‍ ഇത്തവണ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമാകേണ്ടിയിരുന്നെങ്കിലും ഹോം ഗ്രൗണ്ടുകളില്ലാത്തിനാല് ആറു ടീമുകളുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സീസണില്‍ കൂടുതല്‍ ടീമുകള്‍ ഉണ്ടാകുമെന്ന് സൂപ്പര്‍ ലീഗ് കേരള ഡയറക്ടര്‍ ആന്‍ഡ് സിഇഒ മാത്യു ജോസഫ് പറഞ്ഞു. കൊച്ചിയില്‍ നടന്ന മൂന്നാം സീസണ് പ്രഖ്യാപന ചടങ്ങില്‍ എസ്എല്‍കെ മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാനും പങ്കെടുത്തു.
കപ്പടിക്കാന്‍ ആറു ടീമുകള്‍
ആദ്യ സീസണിലെ ജേതാക്കളായ കാലിക്കട്ട് എഫ്സി, നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സാ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി എന്നീ ടീമുകളും കിരീടപ്പോരാട്ടത്തിനായി ഇത്തവണയും ഇറങ്ങുന്നുണ്ട്. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിനു നല്‍കാനായി സൂപ്പര്‍ ലീഗ് കേരള ഷീല്‍ഡ് എന്ന പേരില്‍ പുതിയ ട്രോഫി ഈ സീസണില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സമനിലക്കളിയില്ല
മത്സരങ്ങളുടെ എണ്ണം 33ല്‍നിന്ന് 35 ആയി ഈ സീസണില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സെമിഫൈനലുകള്‍ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ രണ്ടു പാദങ്ങളായി നടക്കും. ലീഗ് ഘട്ടത്തില്‍ ഒരു മത്സരവും സമനിലയില്‍ അവസാനിക്കില്ല. 90 മിനിറ്റില്‍ കളി സമനിലയിലായാല്‍ വിജയികളെ കണ്ടെത്താന്‍ നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു കടക്കും. നോക്കൗട്ട് മത്സരങ്ങളില്‍ പതിവുപോലെ എക്സ്ട്രാ ടൈമും തുടര്‍ന്ന് ഷൂട്ടൗട്ടും ഉണ്ടായിരിക്കും. പുതിയ 3-2-1 പോയിന്റ് ഘടനപ്രകാരം 90 മിനിറ്റില്‍ വിജയിക്കുന്ന ടീമിനു മൂന്നു പോയിന്റും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിക്കുന്ന ടീമിനു രണ്ടു പോയിന്റും തോല്‍ക്കുന്ന ടീമിന് ഒരു പോയിന്റും ലഭിക്കും.